Showing posts with label palakkad. Show all posts
Showing posts with label palakkad. Show all posts

Sunday, August 29, 2021

How to tackle COVID situation in Kerala in One month? ഇങ്ങിനെ ചെയ്താൽ ഒര...

കോവിഡിനെ എന്തിന് ഭയപ്പെടണം? ഇതാ കേരളത്തെ രക്ഷിക്കാനുള്ള മാർഗങ്ങൾ.

Tuesday, June 15, 2021

Wednesday, November 17, 2010

എന്‍ഡോസള്‍ഫാന്‍: ആരോഗ്യവകുപ്പ് സര്‍വേ പരാജയപ്പെട്ടു

Madhyamam daily 17-11-2010കാസര്‍കോട്: ജില്ലയില്‍ പത്തുവര്‍ഷമായി എന്‍ഡോസള്‍ഫാന്‍ കെടുതി അനുഭവിച്ചവരുടെ യഥാര്‍ഥ കണക്ക് ശേഖരിക്കാനുള്ള ആരോഗ്യവകുപ്പ് സര്‍വേ പൂര്‍ണമായില്ല. കഴിഞ്ഞ രണ്ടുദിവസമായി 500ഓളം ആരോഗ്യപ്രവര്‍ത്തകര്‍ 11 പഞ്ചായത്തുകളില്‍നിന്ന് വിവരം ശേഖരിച്ചപ്പോഴും അധികൃതര്‍ യഥാര്‍ഥ കണക്ക് തിട്ടപ്പെടുത്താനാവാതെ പ്രതിസന്ധിയിലായി. ഇത് കാരണം സര്‍വേ നടപടി വീണ്ടും ഒരാഴ്ചത്തേക്ക് നീട്ടി.
രോഗബാധിതര്‍ നാലായിരത്തോളം വരുമെന്നായിരുന്നു സര്‍വേ കഴിഞ്ഞപ്പോഴുള്ള പ്രാഥമിക വിവരം. എന്നാല്‍, തിങ്കളാഴ്ച സര്‍വേ സംഘങ്ങളുടെ റിപ്പോര്‍ട്ട് ക്രോഡീകരിച്ചപ്പോള്‍ രണ്ടായിരത്തോളം എന്ന നിലയില്‍ എണ്ണം ചുരുങ്ങി. ഇത് ശാസ്ത്രീയ കണക്കല്ല. എന്നിട്ടും അധികൃതര്‍ വിവരം ക്രോഡീകരിച്ച് സമര്‍പ്പിക്കാനുള്ള തിടുക്കത്തിലാണ്.
11 പഞ്ചായത്തുകളിലെയും മുഴുവന്‍ വീടുകളിലും ചെന്ന് വിവരം ശേഖരിക്കാനായിരുന്നു സര്‍വേയിലൂടെ ഉദ്ദേശിച്ചത്. വിവിധ ജില്ലകളില്‍നിന്ന് വിളിച്ചുവരുത്തി ഉദ്യോഗസ്ഥര്‍ക്ക് പരിശീലനവും നല്‍കി. പക്ഷേ, രണ്ടുദിവസത്തിനകം 75 ശതമാനം വീടുകള്‍ മാത്രമേ സന്ദര്‍ശിക്കാന്‍ കഴിഞ്ഞുള്ളൂ. മലയിടുക്കുകള്‍ താണ്ടിയുള്ള സര്‍വേക്ക് വലിയ സന്നാഹം ഒരുക്കാതെ വഴിപാട് നടപടികളിലൊതുക്കി എന്നാണ് പരാതി. ഇനിയും വിവരം ശേഖരിക്കാനുള്ള 25 ശതമാനം വീടുകളിലെയും കണക്ക് കൂടി ചേര്‍ത്ത് മാത്രമേ യഥാര്‍ഥ വിവരം തിട്ടപ്പെടുത്താനാവുകയുള്ളൂ. അന്യജില്ലകളില്‍നിന്നുവന്ന സര്‍വേ അംഗങ്ങളെ തിങ്കളാഴ്ച തിരിച്ചയക്കുകയും ചെയ്തു. ജില്ലയിലെ ഉദ്യോഗസ്ഥര്‍ ഒരാഴ്ചക്കകം സര്‍വേ പൂര്‍ത്തിയാക്കിയാല്‍ മതിയെന്നാണ് നിര്‍ദേശം. പഞ്ചായത്തുകളിലെ വീട്ടുനമ്പര്‍ അനുസരിച്ചാണ് സര്‍വേ നടത്തിയത്. പക്ഷേ, ചില വിലാസത്തില്‍ കുടുംബങ്ങളെ കാണാനായില്ല. പത്തുവര്‍ഷത്തിനകം ഇവിടെനിന്ന് താമസം മാറ്റിയവര്‍ നിരവധിയാണ്. ഇവരുടെ വിവരം കൂടി ശേഖരിച്ച് ഇപ്പോള്‍ അവര്‍ താമസിക്കുന്ന സ്ഥലം കണ്ടുപിടിച്ചാലേ യഥാര്‍ഥ മരണ നിരക്കുപോലും തിട്ടപ്പെടുത്താനാവുകയുള്ളൂ.
ഓരോ വീട്ടിലെയും അംഗങ്ങള്‍, അവരുടെ ആരോഗ്യസ്ഥിതി, രോഗത്തിന്റെ സ്വഭാവം, സര്‍ക്കാര്‍ സഹായം കൈപ്പറ്റുന്നവരുടെ യഥാര്‍ഥ വിവരങ്ങള്‍, മരിച്ചവരുടെ ആശ്രിതര്‍ തുടങ്ങിയ വിവരങ്ങള്‍ സര്‍വേയില്‍ ശേഖരിക്കുന്നുണ്ട്. പരാശ്രയം ആവശ്യമുള്ള രോഗികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സഹായം അനര്‍ഹര്‍ തട്ടിയെടുക്കുന്നുണ്ടോ എന്ന സംശയവും സര്‍വേയില്‍ പരിശോധിക്കുന്നുണ്ട്. രണ്ടുദിവസത്തെ പഠന റിപ്പോര്‍ട്ട് തിങ്കളാഴ്ച വൈകീട്ട് വരെയും ക്രോഡീകരിക്കാന്‍ കഴിഞ്ഞില്ല. മരിച്ചവരുടെ വിവരങ്ങള്‍ വാക്കാല്‍ എഴുതിവാങ്ങിയത് മാത്രമാണ്. അതിനാല്‍ യഥാര്‍ഥ മരണ നിരക്ക് തിങ്കളാഴ്ചയും സ്ഥിരീകരിച്ചില്ല. ഈ സാഹചര്യത്തിലാണ് കണക്ക് പൂര്‍ണമാക്കാന്‍ ഒരാഴ്ച കൂടി നീട്ടിയിരിക്കുന്നത്.

Thursday, October 28, 2010

സി.പി.എം. കോട്ടകള്‍ വീണു Mathrubhumi Posted on: 28 Oct 2010



ഷൊറണൂര്‍: കേരളം ഉറ്റുനോക്കിയ ഷൊറണൂര്‍ നഗരസഭയില്‍ ആര്‍ക്കും ഭൂരിപക്ഷം നേടാനായില്ല. നഗരസഭ നിലവില്‍വന്നതുമുതല്‍ സി.പി.എമ്മിന്റെ കുത്തകയായിരുന്ന ഷൊറണൂര്‍ നഗരസഭ അവര്‍ക്ക് നഷ്ടപ്പെട്ടു. എന്നാല്‍ സി.പി.എമ്മിനെ വെല്ലുവിളിച്ച എം.ആര്‍. മുരളിയുടെ ജനകീയവികസന സമിതിക്കും കോണ്‍ഗ്രസ്സിനും മുഖം രക്ഷിക്കാനായെന്നതൊഴിച്ചാല്‍ വലിയ മുന്നേറ്റം നടത്താനായിട്ടില്ല. സി.പി.എം. കോട്ടയായിരുന്ന ഒറ്റപ്പാലത്തും സി.പി.എം. വീണു.

33 വാര്‍ഡുള്ള ഷൊറണൂര്‍ നഗരസഭയില്‍ ഇടതുമുന്നണി 13 സീറ്റുനേടി ഏറ്റവുംവലിയ ഒറ്റക്കക്ഷിയായി. സി.പി.എമ്മിന് 12 ഉം സി.പി.ഐ.ക്ക് ഒന്നും വാര്‍ഡുകളാണ് കിട്ടിയത്. കോണ്‍ഗ്രസ്സും ജനകീയവികസനസമിതിയും എട്ട് വാര്‍ഡില്‍വീതം ജയിച്ചു. മൂന്നിടത്തുജയിച്ച് ബി.ജെ.പി. കരുത്ത് തെളിയിച്ചു. ഒരുസീറ്റില്‍ ജയിച്ച എസ്.ഡി.പി.ഐ. എല്ലാവരെയും ഞെട്ടിച്ചു. ഈ വാര്‍ഡില്‍ സി.പി.എം. മൂന്നാംസ്ഥാനത്തായി.

വാശിയേറിയ ചതുഷ്‌കോണമത്സരത്തിന് സാക്ഷ്യംവഹിച്ച ഷൊറണൂരില്‍ പല പ്രമുഖരും കാലിടറി വീണു.

എന്നാല്‍ ജെ.വി.എസ്. നേതാവ് എം.ആര്‍. മുരളി, കെ.പി.സി.സി. നിര്‍വാഹകസമിതി അംഗം വി.കെ. ശ്രീകണ്ഠന്‍, സി.പി.എമ്മിന്റെ വൈസ് ചെയര്‍മാന്‍ എസ്. കൃഷ്ണദാസ് എന്നിവര്‍ ജയിച്ചു.

മുന്‍ നഗരസഭാ ചെയര്‍മാനും ജെ.വി.എസ്. നേതാവുമായ എം. നാരായണന്‍, കെ.പി.സി.സി. അംഗം വി.കെ. ശ്രീകൃഷ്ണന്‍, സി.പി.എമ്മിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി സി.ഐ.ടി.യു. സംസ്ഥാനകമ്മിറ്റി അംഗം ആര്‍.ജി. പിള്ള എന്നിവരാണ് പരാജയപ്പെട്ട പ്രമുഖര്‍.

നേരിയ ഭൂരിപക്ഷത്തിനാണ് ചില വാര്‍ഡുകളില്‍ സി.പി.എമ്മിന് വിജയംനേടാനായത്. ആറാം വാര്‍ഡില്‍ 10 വോട്ടിനും 21-ാം വാര്‍ഡില്‍ അഞ്ച് വോട്ടിനുമാണ് സി.പി.എം. സ്ഥാനാര്‍ഥികള്‍ വിജയം നേടിയത്. മൊത്തം 20 വാര്‍ഡിലാണ് ജനകീയവികസനസമിതി മത്സരരംഗത്തുണ്ടായിരുന്നത്. സ്വാധീനമേഖലകളില്‍ വിജയം കൈവരിക്കാന്‍ ഏറെക്കുറെ ജെ.വി.എസ്സിന് കഴിഞ്ഞു. എന്നാല്‍ മുന്‍ നഗരസഭാ ചെയര്‍മാന്‍ എം. നാരായണന്‍, സിറ്റിങ് കൗണ്‍സിലര്‍മാരായിരുന്ന ഒ.പി. ഗോവിന്ദന്‍കുട്ടി, വിമല എന്നിവര്‍ പരാജയപ്പെട്ടത് ജെ.വി.എസ്സിന് തിരിച്ചടിയായി.

447 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് 23-ാം വാര്‍ഡില്‍ സിറ്റിങ് വൈസ് ചെയര്‍മാന്‍ എസ്. കൃഷ്ണദാസ് വിജയിച്ചത്. അതേസമയം ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന സി.ഐ.ടി.യു. സംസ്ഥാനകമ്മിറ്റിയംഗം കൂടിയായ ആര്‍.ജി. പിള്ള 112 വോട്ടിന് 28-ാം വാര്‍ഡില്‍ പരാജയപ്പെട്ടത് കനത്ത തിരിച്ചടിയായി. എല്‍.ഡി.എഫ്. സ്വതന്ത്രയായി 17-ാം വാര്‍ഡില്‍ മത്സരിച്ച രാധാലക്ഷ്മിക്ക് 68 വോട്ട് മാത്രമാണ് നേടാനായത്.

കെ.പി.സി.സി. അംഗവും സിറ്റിങ് കൗണ്‍സിലറുമായിരുന്ന വി.കെ. ശ്രീകൃഷ്ണന്‍ 42 വോട്ടിന് 13-ാം വാര്‍ഡില്‍ പരാജയപ്പെട്ടു. രണ്ടാം വാര്‍ഡില്‍ ആറ് വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സിറ്റിങ് കൗണ്‍സിലര്‍ പി. മുഹമ്മദ് കടന്നുകൂടിയത്.

2008 ഡിസംബറില്‍നടന്ന ഉപതിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ എട്ട് സ്ഥാനാര്‍ഥി പരാജയപ്പെട്ടിരുന്നു. എം.ആര്‍. മുരളിയുടെ നേതൃത്വത്തില്‍ ഒമ്പത് അംഗങ്ങള്‍ കൗണ്‍സിലര്‍സ്ഥാനം ഉപേക്ഷിച്ച് തിരഞ്ഞെടുപ്പിനെ നേരിടുകയായിരുന്നു.

ഒറ്റപ്പാലത്ത് ആറ് സീറ്റ് പൊരുതിനേടി സി.പി.എം. വിമതപ്പട നടത്തിയ തേരോട്ടത്തില്‍ മുന്‍ നഗരസഭാ ചെയര്‍മാന്‍ കെ.പി. രാമരാജനടക്കമുള്ളവര്‍ക്ക് അടിതെറ്റി. വിമത വിഭാഗത്തിലെ എം. മുരളിയാണ് 82 വോട്ടിന് രാമരാജനെ തോല്‍പ്പിച്ചത്.

36 അംഗ നഗരസഭയില്‍ യു.ഡി.എഫും കഴിഞ്ഞ തവണത്തെക്കാള്‍ മുന്നേറിയപ്പോള്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തൂക്ക്‌സഭയായി.

2005 ല്‍ 22 സീറ്റ് ലഭിച്ച എല്‍.ഡി.എഫ്. 15 ലേക്ക് ഒതുങ്ങിയപ്പോള്‍ യു.ഡി.എഫ്. 7 ല്‍നിന്ന് 11 ലേക്ക് ഉയര്‍ന്നു. ബി.ജെ.പി. കഴിഞ്ഞതവണത്തെപ്പോലെ നാല് സീറ്റ് നിലനിര്‍ത്തി. കേവലഭൂരിപക്ഷത്തിന് 17 സീറ്റ് വേണമെന്നതിനാല്‍ ആര് ഭരിക്കും എന്നത് അനിശ്ചിതാവസ്ഥയിലായി. സി.പി.എം. വിമതരുടെയും ബി.ജെ.പി.യുടെയും സഹായംതേടേണ്ട അവസ്ഥയിലാണ് ഇവിടെ മുന്നണികള്‍.

കഴിഞ്ഞ കൗണ്‍സിലിലെ വൈസ് ചെയര്‍മാന്‍ സി. കുട്ടിശങ്കരന്‍, സ്റ്റാന്‍ഡിങ്കമ്മിറ്റി ചെയര്‍മാന്‍ വി.കെ. മോഹനന്‍, മുന്‍ കൗണ്‍സിലര്‍മാരായ ഇ.കെ. രാധാകൃഷ്ണന്‍, എം.പി. ലത എന്നിവരാണ് വിജയിച്ച പ്രമുഖ സി.പി.എം. വിമതര്‍. സ്റ്റാന്‍ഡിങ്കമ്മിറ്റി ചെയര്‍മാന്‍മാരായിരുന്ന ഇ. പ്രഭാകരന്‍, എ.പി. ഉമൈബാന്‍ എന്നിവര്‍ പരാജയപ്പെട്ടു. ശക്തമായ മത്സരം നടന്ന 23-ാം വാര്‍ഡില്‍ 2000-05 ലെ നഗരസഭാ വൈസ് ചെയര്‍മാനായിരുന്ന പി.കെ. പ്രദീപ്കുമാറിനെ മുന്‍ പ്രതിപക്ഷ നേതാവും ഡി.സി.സി. അംഗവുമായ എസ്. ശെല്‍വന്‍ 10 വോട്ടിന് പരാജയപ്പെടുത്തി. ശക്തമായ ത്രികോണമത്സരം നടന്ന നാലാംവാര്‍ഡില്‍ ബി.ജെ.പി. സംസ്ഥാനസമിതിയംഗവും മുന്‍ ജില്ലാ പ്രസിഡന്റുമായ കെ. ശിവദാസ് തോറ്റു.

നാലുവോട്ട് ഭൂരിപക്ഷത്തിന് സി.പി.എം. ഏരിയാകമ്മിറ്റിയംഗം സി. ശ്രീകുമാരനാണ് ഇവിടെ വിജയിച്ചത്. 20-ാം വാര്‍ഡില്‍ മത്സരിച്ച സി.പി.എം. വിമതര്‍ ആറിടങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തി. പല്ലാര്‍മംഗലം വാര്‍ഡിലും കണ്ണിയമ്പുറം തെരുവിലും സി.പി.എമ്മിന്റെ പരാജയമുറപ്പാക്കാന്‍ വിമതസ്ഥാനാര്‍ഥികള്‍ക്ക് കഴിഞ്ഞു. ഇവിടെ രണ്ടിടത്തും കോണ്‍ഗ്രസ്സാണ് വിജയിച്ചത്.

Wednesday, September 22, 2010

What is in Students' mobile phone

കുട്ടികളുടെ മൊബൈലില്‍ നീലച്ചിത്രം; കടകളില്‍ റെയ്ഡ്

Posted on: 22 Sep 2010



ആലത്തൂര്‍: സ്‌കൂള്‍ കുട്ടികളുടെ മൊബൈല്‍ഫോണുകളില്‍പ്പോലും നീലച്ചിത്രങ്ങള്‍ വ്യാപകമാകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ മൊബൈല്‍ഷോപ്പുകള്‍ പോലീസിന്റെ പ്രത്യേക നിരീക്ഷണത്തിലായി. ആലത്തൂരില്‍ കഴിഞ്ഞദിവസം രണ്ട് പ്ലസ്‌വണ്‍ വിദ്യാര്‍ഥികളെ സംശയത്തിന്റെപേരില്‍ പോലീസ് പിടികൂടിയിരുന്നു. ഇവരുടെ മൊബൈല്‍ഫോണുകള്‍ പരിശോധിച്ചപ്പോള്‍ മെമ്മറിക്കാര്‍ഡില്‍ നീലച്ചിത്രങ്ങളുള്ളത് കണ്ടെത്തുകയായിരുന്നു. ആലത്തൂരിലെ ഒരു മൊബൈല്‍ഷോപ്പില്‍നിന്നാണ് ഇത് ലഭിച്ചതെന്ന് കുട്ടികള്‍ വെളിപ്പെടുത്തി.

മൊബൈല്‍ഷോപ്പ് റെയ്ഡ്‌ചെയ്ത് കമ്പ്യൂട്ടറും മറ്റും പോലീസ് പിടിച്ചെടുത്തു. ഐ.ടി.ആക്ട് പ്രകാരം സൈബര്‍കുറ്റങ്ങള്‍ ചുമത്തി കടയുടമയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്.

സ്‌കൂളുകളില്‍ മൊബൈല്‍ഫോണ്‍ ഉപയോഗം നിരോധിച്ചിട്ടുണ്ടെങ്കിലും രഹസ്യമായി ഇവ ഇപ്പോഴും കുട്ടികള്‍ കൈവശംവെയ്ക്കുന്നുണ്ട്. വിലകുറഞ്ഞ ചൈനീസ് സെറ്റുകളില്‍പ്പോലും വീഡിയോ സംവിധാനമുണ്ട്. കാമറയും വീഡിയോയുമുപയോഗിച്ച് സഹപാഠികളുടെ ചിത്രങ്ങളെടുത്ത് ബ്ലാക്ക്‌മെയില്‍ ചെയ്യുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോഴാണ് സ്‌കൂളുകളില്‍ മൊബൈല്‍ഫോണുകള്‍ നിരോധിച്ചത്.

മിക്ക മൊബൈല്‍ഷോപ്പുകളിലും നീലച്ചിത്രം കാര്‍ഡുകളില്‍ കയറ്റിക്കൊടുക്കുന്നതായാണ് വിവരം. മുന്നൂറുരൂപ മുതല്‍ വിലയുള്ള മെമ്മറി കാര്‍ഡുകളില്‍ നിറയെ നീലച്ചിത്രം റൈറ്റ് ചെയ്യുന്നതിന് 50 രൂപ മാത്രമാണ് ഈടാക്കുന്നത്. ഇന്റര്‍നെറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് കമ്പ്യൂട്ടറുകളില്‍ സേവ് ചെയ്യുന്ന നീലച്ചിത്രങ്ങളാണ് മെമ്മറി കാര്‍ഡുകളില്‍ കയറ്റിക്കൊടുക്കുന്നത്. നീലച്ചിത്ര സി.ഡി.കള്‍ മൊബൈല്‍ ഫോര്‍മാറ്റിലേക്ക് മാറ്റിയും മൊബൈലിലേക്ക് സേവ് ചെയ്യാം.

സൈബര്‍ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക സെല്‍തന്നെ രൂപവത്കരിച്ചതോടെ മൊബൈല്‍ ഷോപ്പുകാര്‍ കമ്പ്യൂട്ടറില്‍ നീലച്ചിത്രം സൂക്ഷിക്കുന്നത് ഒഴിവാക്കിയിട്ടുണ്ട്. പെന്‍ഡ്രൈവില്‍ സേവ്‌ചെയ്ത് ആവശ്യക്കാര്‍ വരുമ്പോള്‍ കമ്പ്യൂട്ടറില്‍ കയറ്റി മൊബൈലിലേക്ക് സേവ് ചെയ്യുകയാണിപ്പോള്‍ പെട്ടെന്നുള്ള റെയ്ഡില്‍ ഇത് കണ്ടെത്താനാകില്ല.

മൊബൈല്‍ സേവനദാതാക്കള്‍തന്നെ മസാലച്ചിത്രങ്ങളും രംഗങ്ങളും ജി.പി.ആര്‍.എസ്. സംവിധാനത്തിലൂടെ ലഭ്യമാക്കുന്നുണ്ട്. മൊബൈലില്‍ ഇന്റര്‍നെറ്റ് സംവിധാനമുണ്ടെങ്കില്‍ നീലച്ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയെ്തടുക്കാനും കഴിയും. കൗമാരപ്രായക്കാരെ വഴിതെറ്റിക്കുന്ന ഇത്തരം സംവിധാനങ്ങളെക്കുറിച്ച് രക്ഷിതാക്കളും മുന്‍കരുതല്‍ സ്വീകരിക്കേണ്ടതാണെന്ന് പോലീസ് പറയുന്നു.

Thursday, June 17, 2010

കാട്ടാനയെ തുരത്താന്‍ സന്നദ്ധസേന: ഇന്ന് വീണ്ടും യോഗം

Mathrubhumi:Posted on: 18 Jun 2010

പാലക്കാട്: പുതുശ്ശേരി, മലമ്പുഴ ഭാഗങ്ങളില്‍ കൃഷിനശിപ്പിക്കുന്ന കാട്ടാനക്കൂട്ടത്തെ ജനകീയപങ്കാളിത്തത്തോടെ തുരത്താനുള്ള കാര്യത്തില്‍ അന്തിമതീരുമാനമായില്ല.

ഫണ്ടിന്റെ കുറവും സന്നദ്ധസേന കാട്ടില്‍ക്കയറുന്നത് അപകടം സൃഷ്ടിക്കുമെന്ന വസ്തുതയും മുന്നില്‍ക്കണ്ട് വെള്ളിയാഴ്ച വീണ്ടും യോഗംചേരാന്‍ വനംവകുപ്പ് നിര്‍ദേശിക്കുകയായിരുന്നു. പന്നിമടയില്‍ വൈകീട്ട് നാലിന് പാലക്കാട് ഡി.എഫ്.ഒയുടെ സാന്നിധ്യത്തില്‍ യോഗം നടക്കും.

വനംവകുപ്പും പോലീസും നാട്ടുകാരുംചേര്‍ന്ന് ഇരുനൂറോളംവരുന്ന സന്നദ്ധസേനാംഗങ്ങള്‍ പടക്കവും ചെണ്ടയുമായി വ്യാഴാഴ്ചമുതല്‍ കാട്ടില്‍ കയറാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, മഴപെയ്തതോടെ കൊട്ടെക്കാട് സെക്ഷന്‍ ഓഫീസില്‍ യോഗംചേര്‍ന്നതല്ലാതെ മറ്റൊന്നും നടന്നില്ല. സന്നദ്ധസേന എങ്ങനെ പ്രവര്‍ത്തിക്കണം എന്നകാര്യത്തില്‍ ആര്‍ക്കും വ്യക്തമായ അഭിപ്രായം ഇല്ലായിരുന്നു. രണ്ടാഴ്ചമുമ്പ് നാട്ടുകാരും വനംവകുപ്പുംചേര്‍ന്ന് കാട്ടാനയെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ പടക്കംപൊട്ടി ഒരാള്‍ക്ക് പരിക്കേറ്റിയിരുന്നു. ഇത് വീണ്ടും ആവര്‍ത്തിക്കാമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നല്‍കി. തുടര്‍ന്നാണ് ഡി.എഫ്.ഒയുടെ സാന്നിധ്യത്തില്‍ ഒരുവട്ടംകൂടി ചര്‍ച്ചനടത്താന്‍ തീരുമാനിച്ചതെന്ന് വാളയാര്‍ റെയ്ഞ്ച് ഓഫീസര്‍ പറഞ്ഞു.

നിലവിലുള്ള സ്ഥിതിയില്‍ കുങ്കിയാനകളെ കൊണ്ടുവന്ന് കാട്ടാനകൂട്ടത്തെ തുരത്താനുള്ള ഫണ്ടില്ലെന്ന് വനംവകുപ്പുദ്ദ്യോഗസ്ഥര്‍ വ്യക്തമാക്കി. കൂടുതല്‍ ഫണ്ടിന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും വനംവകുപ്പ് ആസ്ഥാനത്തുനിന്ന് അനുമതി ലഭിച്ചിട്ടില്ല. കാട്ടാനയെ തുരത്താല്‍ റവന്യുവിഭാഗം കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്ന് നാട്ടുകാരും കര്‍ഷകരും ആവശ്യപ്പെട്ടു.

Monday, April 19, 2010

കമല്‍സഹായ് വീണ്ടുമെത്തി, നിശ്ശബ്ദസുന്ദരിയെത്തേടി


കമല്‍സഹായ് വീണ്ടുമെത്തി, നിശ്ശബ്ദസുന്ദരിയെത്തേടി

Mathrubhumi news Posted on: 19 Apr 2010

എം. ബിലീന

പാലക്കാട്: നിശ്ശബ്ദതാഴ്‌വരയുടെ സൗന്ദര്യം ഒപ്പിയെടുക്കാന്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്കുശേഷം കമല്‍സഹായ് വീണ്ടുമെത്തി. താഴ്‌വരയുടെ ശബ്ദമാകാനായിരുന്നു അന്ന് നിയോഗമെങ്കില്‍, ഇന്ന് ആ സ്വച്ഛത ഒപ്പിയെടുക്കാനാണെന്നുമാത്രം.

അണക്കെട്ടുപണിയാന്‍ നിര്‍മാണസാമഗ്രികള്‍ കയറ്റിക്കൊണ്ടുപോകുന്ന ട്രക്കുകള്‍ താഴ്‌വരയുടെ നിശ്ശബ്ദതഭേദിച്ചുതുടങ്ങിയകാലത്താണ് കമല്‍സഹായ് ഇവിടെയെത്തിയത് -1979ല്‍. സൈലന്റ്‌വാലിയില്‍ അണക്കെട്ടുപണിയാനുള്ള നീക്കം തകൃതിയായി നടക്കുന്ന സമയം. ഖുശ്‌വന്ത്‌സിങ് എഡിറ്ററായ 'ന്യൂഡല്‍ഹി മാഗസിനു' വേണ്ടി സൈലന്റ്‌വാലിയെക്കുറിച്ച് ഫോട്ടോഫീച്ചര്‍ തയ്യാറാക്കാനാണ് അന്ന് അദ്ദേഹം എത്തിയത്.

സൈലന്റ്‌വാലിയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടാന്‍ അന്ന് കേരളത്തില്‍ കാര്യമായ പരിസ്ഥിതി പ്രസ്ഥാനങ്ങളൊന്നും മുന്നോട്ടുവന്ന് തുടങ്ങിയിരുന്നില്ല. ഒറ്റപ്പെട്ട ചില ശബ്ദങ്ങള്‍മാത്രം. വൈദ്യുതിക്ഷാമം പരിഹരിക്കാന്‍ അണക്കെട്ട് വേണമെന്ന വാദത്തിനായിരുന്നു അന്ന് മുന്‍തൂക്കം.

ആ സമയത്താണ് ഒ.വി. വിജയന്‍ സൈലന്റ്‌വാലിയെ രക്ഷിക്കാനായി ഡല്‍ഹിയില്‍നിന്ന് കമല്‍സഹായിയെ ഇങ്ങോട്ടയയ്ക്കാന്‍ ചരടുവലിച്ചത്. ഇലക്ട്രിസിറ്റി ബോര്‍ഡ് ചെയര്‍മാന്റെ ഒരു കത്തും സംഘടിപ്പിച്ച് കമല്‍സഹായ് സൈലന്റ്‌വാലിയിലെത്തി. ഒപ്പം പ്രശസ്ത റിപ്പോര്‍ട്ടറായ അയേഷാകാഗലും. വഴികാട്ടിയായത് കോഴിക്കോട് ശാസ്ത്രസാഹിത്യപരിഷത്തിലും മറ്റും പ്രവര്‍ത്തിച്ചിരുന്ന വിദ്യാര്‍ഥിയായ നമശിവായം. നമശിവായം ചുമട്ടുകാരനെന്ന ഭാവത്തിലാണ് ഇവരോടൊപ്പം നടന്നത്. സൈലന്റ്‌വാലി അണക്കെട്ടിനെതിരെ റിപ്പോര്‍ട്ടെഴുതാനാണ് ഇവര്‍ വന്നതെന്ന് ഇലക്ട്രിസിറ്റി ബോര്‍ഡിലെ ഒരു ഈച്ചപോലും അറിഞ്ഞില്ല.

ഒരാഴ്ചത്തേക്കാണ് വന്നതെങ്കിലും, താഴ്‌വരയുടെ സൗന്ദര്യം ഒപ്പിയെടുത്ത് സമയംകടന്നുപോയത് കമല്‍സഹായ് അറിഞ്ഞില്ല. 27 ദിവസം കഴിഞ്ഞാണ് അദ്ദേഹം കാട്ടില്‍നിന്ന് കയറിയത്. 15റോള്‍ ഫിലിം അപ്പോഴേക്കും ക്യാമറയിലൂടെ ഒഴുകിനീങ്ങിക്കഴിഞ്ഞിരുന്നു.

ഇതിനിടെ ഭരണകക്ഷിക്കാരായ തൊഴിലാളി സംഘടനക്കാര്‍ ഇവര്‍ 'ശത്രു'ക്കളാണെന്ന് മനസ്സിലാക്കി ക്കഴിഞ്ഞിരുന്നു. മണ്ണാര്‍ക്കാട്ട് ഇവര്‍ താമസിച്ചിരുന്ന ഗസ്റ്റ്ഹൗസ് സംഘടനക്കാര്‍ വളഞ്ഞെങ്കിലും നമശിവായത്തിന്റെ സഹായത്തോടെ കമല്‍സഹായും അയേഷയും രക്ഷപ്പെട്ടു.

അന്ന് ന്യൂഡല്‍ഹി മാഗസിനില്‍ 32 പേജിലാണ് സൈലന്റ്‌വാലിയെക്കുറിച്ചുള്ള കവര്‍‌സ്റ്റോറി അച്ചടിച്ചുവന്നത്. കമല്‍സഹായിയുടെ അപൂര്‍വ മനോഹരമായ ചിത്രങ്ങള്‍ പ്രകൃതിസ്‌നേഹികളുടെയും പരിസ്ഥിതിവാദികളുടെയും കണ്ണിലുടക്കി. ഡല്‍ഹിയിലെ രാഷ്ട്രീയനേതൃത്വത്തില്‍ വലിയ ചലനമുണ്ടാക്കാന്‍ ആ ചിത്രങ്ങള്‍ക്ക് കഴിഞ്ഞു. സൈലന്റ്‌വാലി അങ്ങനെത്തന്നെ നിലനിര്‍ത്തണമെന്ന് ഇന്ദിരാഗാന്ധി തീരുമാനമെടുത്തതിനുപിന്നില്‍ ഈ ലേഖനവും ചിത്രങ്ങളുമാണ് തുടക്കമായതെന്ന് കരുതപ്പെടുന്നു.

എന്തായാലും സൈലന്റ്‌വാലിയെ തകര്‍ത്തുകൊണ്ട് അണക്കെട്ടുവന്നില്ല. താഴ്‌വര സംരക്ഷിക്കപ്പെട്ടു... ഇപ്പോള്‍ നീണ്ട 31 വര്‍ഷം കടന്നുപോയിരിക്കുന്നു. ഒരിക്കല്‍ക്കൂടി കമല്‍സഹായ് എത്തി, അറുപതിനോടടുത്തിട്ടും ചുറുചുറുക്കോടെ കൈയില്‍ ഡിജിറ്റല്‍ ക്യാമറയുമായി താഴ്‌വരയിലൂടെ ഊളിയിടാന്‍. 'ഇതൊന്നും എന്റെ വിജയമല്ല. വലിയ നേതാക്കള്‍ ഇല്ലെങ്കിലും സാധാരണക്കാരായ ആളുകള്‍ വിചാരിച്ചാല്‍ പ്രകൃതി സംരക്ഷിക്കപ്പെടുമെന്നതിന് തെളിവാണ് സൈലന്റ്‌വാലി' -അദ്ദേഹം വിനയത്തോടെ പറയുന്നു