കല്ലടിക്കോട്: കല്ലടിക്കോടന്‍ മലകളില്‍നിന്നിറങ്ങിയ കാട്ടാന പ്രദേശത്തെ കാര്‍ഷികവിളകള്‍ നശിപ്പിച്ചു. വാക്കോട്, പറക്കലടി, പട്ടാണിക്കെട്ട് പ്രദേശങ്ങളില്‍ രാത്രിയെത്തിയ കൊമ്പനാനയാണ് വ്യാപകമായി കൃഷിനാശം വരുത്തിയത്.
എ.കെ. വിജയന്റെ റബ്ബര്‍ത്തോട്ടത്തോടുചേര്‍ന്നുള്ള 11 തെങ്ങ് കടപുഴക്കി മറിച്ചിട്ടു. തുപ്പനാട് ജമാലിന്റെ 25 വര്‍ഷമായി കായ്ക്കുന്ന തെങ്ങുകളും വേരോടെ പിഴുതിട്ടു. ഞാലിപ്പൂവന്‍-നാടന്‍ വാഴകളും 250ഓളം മൂപ്പെത്തിയ വാഴക്കുലയും ചവിട്ടിനശിപ്പിച്ചിട്ടുണ്ട്. ഇതോടെ പ്രദേശത്തെ കര്‍ഷകരും വീട്ടുകാരും ദുരിതത്തിലായി. രാത്രിയില്‍ ആനകളെപ്പേടിച്ച് ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞ രണ്ടുമാസമായി കരിമ്പപഞ്ചായത്തിലും മുണ്ടൂര്‍പഞ്ചായത്തിലും കാട്ടാനകള്‍ രണ്ടുകോടി രൂപയുടെ നാശനഷ്ടം വരുത്തിയിട്ടുണ്ട്. വൈദ്യുതവേലി ചവിട്ടിമറിച്ചിട്ടാണ് കാട്ടാനകള്‍ കൃഷിയിടത്തിലേക്കെത്തുന്നത്. പാട്ടകൊട്ടിയും പടക്കംപൊട്ടിച്ചും പന്തംകൊളുത്തിയും കാട്ടാനകളെ ഓടിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ കര്‍ഷകര്‍ തങ്ങളുടെ ജീവനും കൃഷിയും എങ്ങനെ സംരക്ഷിക്കുമെന്നറിയാതെ വിഷമിക്കയാണ്.
രാത്രികാലങ്ങളില്‍മാത്രം എത്തിയിരുന്ന കാട്ടാനകള്‍ വൈകുന്നേരങ്ങളിലും ജനവാസകേന്ദ്രങ്ങളിലെത്താന്‍ തുടങ്ങിയതുമൂലം കുട്ടികളെ സ്‌കൂളില്‍പ്പോലും വിടാന്‍ മാതാപിതാക്കള്‍ പേടിക്കയാണ്. മരുതുംകാട്ടില്‍ പാട്ടത്തിനെടുത്ത 18 ഏക്കറില്‍ കൃഷിചെയ്തിരുന്ന സജിയുടെ പൈനാപ്പിള്‍ച്ചെടികളില്‍ 2500ഓളം എണ്ണം ഏഴ് കാട്ടാന വന്ന് നശിപ്പിച്ചിരുന്നു. കരിപ്പൂണിമല, കളപ്പാറ, പാങ്, കല്ലന്തോട്, ചെറുമല, കൂമന്‍കുണ്ട്, മീന്‍വല്ലം, കരിമല പ്രദേശങ്ങളിലും കാട്ടാനകള്‍ കൂട്ടായി കൃഷിനാശം വരുത്തുന്നുണ്ട്. കാട്ടാനകളെ പ്രതിരോധിക്കാന്‍ നടപടി സ്വീകരിക്കാന്‍ ഇനിയും അധികൃതര്‍ തയ്യാറായിട്ടില്ല
No comments:
Post a Comment