Thursday, June 17, 2010

നെല്ലിയാമ്പതിയില്‍ കരാര്‍ലംഘിച്ച് 11 എസ്റ്റേറ്റുകാര്‍ ഭൂമി വിറ്റു

Mathrubhumi news: Posted on: 17 Jun 2010

പാലക്കാട്: നെല്ലിയാമ്പതിയില്‍ സര്‍ക്കാര്‍ പാട്ടത്തിനുനല്‍കിയ ഭൂമി വ്യാജരേഖയുണ്ടാക്കി 11 എസ്റ്റേറ്റുകാര്‍ മറിച്ചുവിറ്റു.
പാട്ടഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് കര്‍ശനവ്യവസ്ഥയുള്ളപ്പോഴാണ് എസ്റ്റേറ്റുകളിലെ നൂറുകണക്കിന് ഏക്കര്‍ ഭൂമി വിറ്റത്. വ്യവസ്ഥലംഘിച്ച 11 എസ്റ്റേറ്റുകളുടെയും പാട്ടം പുതുക്കരുതെന്നും നിയമനടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് വനംവകുപ്പ് കത്ത് നല്‍കിയിട്ടുണ്ടെങ്കിലും തുടര്‍നടപടിയുണ്ടായിട്ടില്ല. ഇതില്‍ ഒരു എസ്റ്റേറ്റ് പാട്ടഭൂമി ഈടുവെച്ചെടുത്ത ഒമ്പതുകോടിയുടെ വായ്പ തിരിച്ചടയ്ക്കാത്തതുമൂലം റവന്യുറിക്കവറി നടപടി നേരിടുകയാണ്.

മീരാഫേ്‌ളാര്‍ എസ്റ്റേറ്റിന്റെ കീഴില്‍വരുന്ന രാജാക്കാട് എസ്റ്റേറ്റ്, മാങ്കോട് എസ്റ്റേറ്റ്, കാരപ്പാറ എസ്റ്റേറ്റ്, കൈരളി എസ്റ്റേറ്റ്, ചെറുനെല്ലി ലോവര്‍, ചെറുനെല്ലി അപ്പര്‍ എന്നീ എസ്റ്റേറ്റുകളാണ് നിയമംലംഘിച്ച് ഭൂമി വിറ്റത്. നെല്ലിയാമ്പതിയില്‍ 48 എസ്റ്റേറ്റുകളാണുള്ളത്. പാട്ടംപുതുക്കല്‍ സംബന്ധിച്ച് നടത്തിയ പരിശോധനയ്ക്കിടെയാണ് ഭൂമി മറിച്ചുവിറ്റത് കണ്ടെത്തിയത്. കരാര്‍ലംഘിച്ച എസ്റ്റേറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് നെന്മാറ ഡി.എഫ്.ഒ. പി. ധനേഷ്‌കുമാര്‍ ഒലവക്കോട് വനം കണ്‍സര്‍വേറ്റര്‍, ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്, അഡ്വക്കേറ്റ് ജനറല്‍ എന്നിവര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍, 2010 ഏപ്രില്‍ 16ന് നല്‍കിയ കത്തിന്മേല്‍ സര്‍ക്കാര്‍ ഇതുവരെ നടപടിയെടുത്തിട്ടില്ല.

1980ലെ കേരള ഗ്രാന്റ് ആന്‍ഡ് ലീസ് മോഡിഫിക്കേഷന്‍ നിയമവും വനംസംരക്ഷണനിയമവും ലംഘിച്ചാണ് 11 എസ്റ്റേറ്റുകളിലും ഭൂമിവില്പന നടന്നതെന്ന് വനംവകുപ്പ് കണ്ടെത്തിയിരുന്നു.

പഴയ കൊച്ചിസര്‍ക്കാരിന്റെ പാട്ടക്കരാര്‍ പ്രകാരമാണ് നെല്ലിയാമ്പതിയിലെ എസ്റ്റേറ്റുകള്‍ പാട്ടത്തിനുനല്‍കിയിരുന്നത്. ആദ്യം ബ്രിട്ടീഷുകാര്‍ക്ക് നല്‍കി. ഇവരില്‍നിന്നാണ് സ്വകാര്യവ്യക്തികള്‍ സ്വന്തമാക്കിയത്. 1980ല്‍ നിലവില്‍വന്ന വനംസംരക്ഷണനിയമം, കേരള ഗ്രാന്റ് ആന്‍ഡ് ലീസ് മോഡിഫിക്കേഷന്‍ ആക്ട് എന്നിവപ്രകാരം പാട്ടത്തിനുനല്‍കിയ എസ്റ്റേറ്റുകള്‍ കൈമാറാനോ കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കാനോ അനുമതിയില്ല. എന്നാല്‍, മേല്‍പ്പറഞ്ഞ എസ്റ്റേറ്റുകള്‍ 30 വര്‍ഷത്തിനിടെ നിരവധിപേര്‍ക്ക് കൈമാറി വില്‍ക്കുകയായിരുന്നു. 1994-95 കാലഘട്ടത്തിലാണ് വ്യാപകമായി എസ്റ്റേറ്റുകളുടെ കൈമാറ്റം നടന്നത്.

ഇതില്‍ 1118 ഏക്കര്‍വരുന്ന കാരപ്പാറ എസ്റ്റേറ്റ് രണ്ട് ഭാഗങ്ങളായി കാരപ്പാറ-എ (547 ഏക്കര്‍), കൈരളി (571 ഏക്കര്‍) 1994ല്‍ എട്ട് സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറിയിരുന്നു. കൈരളി എസ്റ്റേറ്റ് ന്യൂഡല്‍ഹിയിലെ ഒരു വ്യവസായഗ്രൂപ്പാണ് വാങ്ങിയിരിക്കുന്നത്. സ്ഥലത്തിന്റെ കൈവശാവകാശംസംബന്ധിച്ച രേഖകള്‍ വനംവകുപ്പില്‍നിന്ന് മറച്ചുവെച്ച് പാട്ടക്കരാര്‍ ഇതുവരെ തുടരുകയായിരുന്നു.

486 ഏക്കര്‍വരുന്ന മീരാഫേ്‌ളാര്‍ എസ്റ്റേറ്റ് ഇപ്പോള്‍ ന്യൂവേള്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടെ പേരിലാണുള്ളത്. 1993-94 ലാണ് ഇവര്‍ എസ്റ്റേറ്റ് വാങ്ങുന്നത്. സര്‍ക്കാര്‍ പാട്ടത്തിനുനല്‍കിയ ഈ ഭൂമി കെ.എസ്.ഐ.ഡി.സി.യില്‍ പണയംവെച്ച് പുതിയകമ്പനി ഒമ്പതുകോടിരൂപ വായ്പയെടുത്തെങ്കിലും തിരിച്ചടച്ചില്ല. ഇപ്പോള്‍ റവന്യുറിക്കവറി നേരിടുകയാണ്. സര്‍ക്കാര്‍ഭൂമി ജപ്തിചെയ്യാനാവാത്തതിനാല്‍ കമ്പനി ഉടമസ്ഥരുടെ സ്വത്ത് കണ്ടെത്താനുള്ള ശ്രമത്തിലാണ് കെ.എസ്.ഐ.ഡി.സി.

No comments:

Post a Comment