Thursday, June 17, 2010

കാട്ടാനയെ തുരത്താന്‍ സന്നദ്ധസേന: ഇന്ന് വീണ്ടും യോഗം

Mathrubhumi:Posted on: 18 Jun 2010

പാലക്കാട്: പുതുശ്ശേരി, മലമ്പുഴ ഭാഗങ്ങളില്‍ കൃഷിനശിപ്പിക്കുന്ന കാട്ടാനക്കൂട്ടത്തെ ജനകീയപങ്കാളിത്തത്തോടെ തുരത്താനുള്ള കാര്യത്തില്‍ അന്തിമതീരുമാനമായില്ല.

ഫണ്ടിന്റെ കുറവും സന്നദ്ധസേന കാട്ടില്‍ക്കയറുന്നത് അപകടം സൃഷ്ടിക്കുമെന്ന വസ്തുതയും മുന്നില്‍ക്കണ്ട് വെള്ളിയാഴ്ച വീണ്ടും യോഗംചേരാന്‍ വനംവകുപ്പ് നിര്‍ദേശിക്കുകയായിരുന്നു. പന്നിമടയില്‍ വൈകീട്ട് നാലിന് പാലക്കാട് ഡി.എഫ്.ഒയുടെ സാന്നിധ്യത്തില്‍ യോഗം നടക്കും.

വനംവകുപ്പും പോലീസും നാട്ടുകാരുംചേര്‍ന്ന് ഇരുനൂറോളംവരുന്ന സന്നദ്ധസേനാംഗങ്ങള്‍ പടക്കവും ചെണ്ടയുമായി വ്യാഴാഴ്ചമുതല്‍ കാട്ടില്‍ കയറാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, മഴപെയ്തതോടെ കൊട്ടെക്കാട് സെക്ഷന്‍ ഓഫീസില്‍ യോഗംചേര്‍ന്നതല്ലാതെ മറ്റൊന്നും നടന്നില്ല. സന്നദ്ധസേന എങ്ങനെ പ്രവര്‍ത്തിക്കണം എന്നകാര്യത്തില്‍ ആര്‍ക്കും വ്യക്തമായ അഭിപ്രായം ഇല്ലായിരുന്നു. രണ്ടാഴ്ചമുമ്പ് നാട്ടുകാരും വനംവകുപ്പുംചേര്‍ന്ന് കാട്ടാനയെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ പടക്കംപൊട്ടി ഒരാള്‍ക്ക് പരിക്കേറ്റിയിരുന്നു. ഇത് വീണ്ടും ആവര്‍ത്തിക്കാമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നല്‍കി. തുടര്‍ന്നാണ് ഡി.എഫ്.ഒയുടെ സാന്നിധ്യത്തില്‍ ഒരുവട്ടംകൂടി ചര്‍ച്ചനടത്താന്‍ തീരുമാനിച്ചതെന്ന് വാളയാര്‍ റെയ്ഞ്ച് ഓഫീസര്‍ പറഞ്ഞു.

നിലവിലുള്ള സ്ഥിതിയില്‍ കുങ്കിയാനകളെ കൊണ്ടുവന്ന് കാട്ടാനകൂട്ടത്തെ തുരത്താനുള്ള ഫണ്ടില്ലെന്ന് വനംവകുപ്പുദ്ദ്യോഗസ്ഥര്‍ വ്യക്തമാക്കി. കൂടുതല്‍ ഫണ്ടിന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും വനംവകുപ്പ് ആസ്ഥാനത്തുനിന്ന് അനുമതി ലഭിച്ചിട്ടില്ല. കാട്ടാനയെ തുരത്താല്‍ റവന്യുവിഭാഗം കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്ന് നാട്ടുകാരും കര്‍ഷകരും ആവശ്യപ്പെട്ടു.

No comments:

Post a Comment