പുതുപ്പരിയാരം: ധോണിയിലും പരിസരങ്ങളിലുമായി കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന കാട്ടാനയുടെ ആക്രമണത്തില്‍ പ്രദേശത്തെ വിവിധ തോട്ടങ്ങളിലായി നൂറിലേറെ തെങ്ങുകള്‍ നശിപ്പിച്ചു.
ബുധനാഴ്ച അരിപറ ജയമാധവന്‍, ദേവദാസ്, കുനങ്കാട് വെങ്കിടേശ്വരന്‍, റാവു എന്നിവരുടെ തെങ്ങുകളും വാഴകളും നശിപ്പിച്ചു. കൂടാതെ കണ്ണങ്കോട് പ്രേമാനന്ദന്‍, ഉണ്ണിക്കൃഷ്ണന്‍ തുടങ്ങിയവരുടെ മുന്നൂറോളം വാഴകളും നശിപ്പിച്ചു.
മിക്കദിവസങ്ങളിലും വൈകുന്നേരമായാല്‍ നൊച്ചുപ്പിള്ളി, അരിപറ, കോര്‍മ, ധോണി, കുനങ്കാട്, കയ്യറ എന്നിവിടങ്ങളിലായി വിലസുന്ന കാട്ടാനക്കൂട്ടവും ഒറ്റയാനും കാരണം രാത്രികാലങ്ങളില്‍ ഉറക്കമൊഴിച്ച് നാട്ടുകാര്‍ പടക്കംപൊട്ടിച്ചും ചെണ്ടകൊട്ടിയും കാട്ടാനയെ ഓടിക്കയാണ്.
ഇതിനാല്‍ പ്രദേശത്തെ മിക്കവര്‍ക്കും പുറത്തിറങ്ങാനും ജോലിക്കുപോകാനും പറ്റാത്ത അവസ്ഥയാണ്. കൂടാതെ പരീക്ഷാസമയമായതിനാല്‍ പ്രദേശത്തെ നൂറുകണക്കിന് വിദ്യാര്‍ഥികളും കാട്ടാനയെ ഭയന്ന് നടന്നുപോകാന്‍ വളരെ ബുദ്ധിമുട്ടുകയാണ്. ഈ പ്രദേശത്ത് വാഴത്തോട്ടങ്ങളില്‍ പണിയെടുക്കാന്‍ വന്ന പതിനഞ്ചോളം ബീഹാര്‍ സ്വദേശികള്‍ കഴിഞ്ഞദിവസം കാട്ടാനയെക്കണ്ട് ഭയന്ന് തിരിച്ച് നാട്ടിലേക്കുപോകാന്‍ ഒരുങ്ങുകയാണെന്ന് കര്‍ഷകര്‍ പറയുന്നു.
കാട്ടാനശല്യം രൂക്ഷമായിട്ടും പുതുപ്പരിയാരം പഞ്ചായത്തധികൃതരോ വനംവകുപ്പധികൃതരോ വേണ്ട നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാരും കര്‍ഷകരും പറയുന്നു.
എന്നാല്‍ പുതുപ്പരിയാരം പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സൗരോര്‍ജ കമ്പിവേലി-ട്രഞ്ച് നിര്‍മാണം പുരോഗമിക്കുന്നുണ്ടെന്ന് പുതുപ്പരിയാരം പഞ്ചായത്തധികൃതര്‍ പറഞ്ഞു.
കൂടാതെ വനംവകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രദേശത്തെ കര്‍ഷകരെയും പഞ്ചായത്തധികൃതരെയും നാട്ടുകാരെയും ഉള്‍പ്പെടുത്തി കാട്ടുമൃഗശല്യം ഒഴിവാക്കാനുള്ള പദ്ധതി ഒരുക്കാനുള്ള 'മൈക്രോ പ്ലാന്‍' പദ്ധതി തയ്യാറാക്കിക്കൊണ്ടിരിക്കയാണെന്നും ഇത് പ്രാവര്‍ത്തികമാക്കാനുള്ള അന്തിമയോഗം മാര്‍ച്ച് അവസാനത്തോടെ നടത്തുമെന്നും നിലവില്‍ കാട്ടാനയെ വിരട്ടാന്‍ വാച്ചര്‍മാരെ അധികമായി നിയമിച്ചിട്ടുണ്ടെന്നും വനംവകുപ്പധികൃതര്‍ പറഞ്ഞു.
No comments:
Post a Comment