Mathrubhumi news Posted on: 13 Mar 2010
പാലക്കാട്: കൊടുംചൂടില്‍ ചുട്ടുപൊള്ളുന്ന ജില്ലയില്‍ ഒരുതുള്ളിവെള്ളത്തിന് നാട്ടുകാര്‍ നെട്ടോട്ടമോടുമ്പോള്‍ വേണ്ടത്ര സംരക്ഷണമില്ലാതെ നശിക്കുന്നത് മൂവായിരത്തോളം കുളങ്ങള്‍. ഏറ്റവുംകൂടുതല്‍ കുളങ്ങളുള്ള ജില്ലകളിലൊന്നായ പാലക്കാട്ടെ മിക്കകുളങ്ങളും മണ്ണിടിഞ്ഞും മാലിന്യംനിറഞ്ഞും പായല്‍മൂടിയും നാശത്തിന്റെവക്കിലാണ്. ഇതിനുപുറമെ കെട്ടിടം പണിയാനും മറ്റുമായി നികത്തപ്പെടുന്നവ വേറെയും.ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ജില്ലാപഞ്ചായത്ത് നടത്തിയ പഠനത്തില്‍ ഒരേക്കറിനും അഞ്ചേക്കറിനും ഇടയില്‍ വിസ്തൃതിയുള്ള 5000 ത്തോളം കുളങ്ങളാണ് പാലക്കാട്ടുള്ളത്. ഇതില്‍ 400 എണ്ണം ക്ഷേത്രക്കുളങ്ങളും 300 ഓളം പള്ളിക്കുളങ്ങളുമാണ്. 257 പൊതുകുളങ്ങളാണ് ജില്ലയിലുള്ളത്.
എന്നാല്‍ ഇതില്‍ 4000 ത്തോളം കുളങ്ങള്‍ സ്വകാര്യവ്യക്തികളുടെ കൈവശമാണ്. ഇവയാണ് കൂടുതലും നികത്തപ്പെടുന്നത്.
ഇത്രയേറെ കുളങ്ങളുണ്ടായിട്ടും ജലക്ഷാമം പരിഹരിക്കാന്‍ ഇവ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ജില്ലാ ഭരണകൂടം ഇതുവരെ പഠിച്ചിട്ടില്ല. കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് നടത്തിയ ഈ പഠനമൊഴിച്ചാല്‍ നിലവില്‍ പാലക്കാട്ട് എത്രകുളമുണ്ടെന്ന കണക്കുപോലും അധികൃതരുടെ കൈവശമില്ല.
നാലും അഞ്ചും ഏക്കര്‍ വിസ്തൃതിയുള്ള മിക്കകുളങ്ങളും ഇപ്പോള്‍ പ്രധാനമായും മാലിന്യംതള്ളാനുള്ള കേന്ദ്രങ്ങളാണ്. ഇടിഞ്ഞവ അരികുകെട്ടി സംരക്ഷിക്കാനോ പായലും കാട്ടുചെടികളും നീക്കംചെയ്യാനോ യാതൊരു നടപടിയും ഉണ്ടാകുന്നില്ല. 100 കുളങ്ങള്‍വരെയുള്ള പഞ്ചായത്തുകള്‍ ജില്ലയിലുണ്ടെന്നതും ഏറെ ശ്രദ്ധേയമാണ്.
ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി നിലവില്‍ വന്നതോടെയാണ് ഏതാനും കുളങ്ങളെങ്കിലും പുനരുദ്ധരിച്ചത്. എന്നാല്‍ പദ്ധതിപ്രകാരം 60 ശതമാനം ഫണ്ടും തൊഴിലാളികള്‍ക്ക് കൂലിനല്‍കാനായി വിനിയോഗിക്കണമെന്നാണ് നിയമം. അതുകൊണ്ടുതന്നെ ബാക്കിയുള്ള 40 ശതമാനം തുകയ്ക്ക് മാത്രമേ വിദഗ്ധരായ പണിക്കാരെ ഉപയോഗിച്ച് പണി നടത്താനാകൂ എന്ന് തൊഴിലുറപ്പുപദ്ധതി അധികൃതര്‍ പറയുന്നു. കുളങ്ങള്‍ ആഴംകൂട്ടിയശേഷം കരിങ്കല്ല് കൊണ്ട് കെട്ടിക്കഴിയുമ്പോഴേക്കും ഫണ്ട്തീരും. സിമന്റിട്ട് കല്ലുറപ്പിക്കാനും മറ്റും പലപ്പോഴും കഴിയാറില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
സ്വകാര്യവ്യക്തികളുടെ കുളങ്ങളും തൊഴിലുറപ്പു പദ്ധതി തൊഴിലാളികളെ ഉപയോഗിച്ച് നന്നാക്കിവരുന്നുണ്ട്. നന്നാക്കികഴിഞ്ഞാല്‍ നാട്ടുകാര്‍ക്ക് കുളിക്കാനും കൃഷിക്കുമായി ഉപയോഗപ്പെടുത്തണമെന്നാണ് നിയമം. അട്ടപ്പാടി ബ്ലോക്ക് പരിധിയിലാകട്ടെ പദ്ധതിപ്രകാരം പുതിയ കുളങ്ങള്‍ നിര്‍മിച്ചിട്ടുമുണ്ട്. കനാലുകളും കുളങ്ങളും തോടുകളും ഉള്‍പ്പെടെ 1434 ജലസ്രോതസ്സുകളാണ് ഇതുവരെ പദ്ധതിത്തൊഴിലാളികളെ ഉപയോഗിച്ച് പുനരുദ്ധരിച്ചത്.
എന്നാല്‍ വിവിധ പണികളുള്‍പ്പെടുത്തി പട്ടിക തയ്യാറാക്കുമ്പോള്‍ അതില്‍ ഏതാനുംകുളങ്ങളുടെ പുനരുദ്ധാരണം മാത്രമാണ് ഉള്‍പ്പെടുന്നത്. കടുത്തവരള്‍ച്ച മുന്നില്‍ക്കണ്ടെങ്കിലും തൊഴിലുറപ്പുപദ്ധതി പ്രകാരമുള്ള പണികളില്‍ കുളങ്ങളുടെ പുനരുദ്ധാരണത്തിന് കൂടുതല്‍പ്രാധാന്യം നല്‍കുകയും പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ അതാതിടങ്ങളിലെ കുളങ്ങളുടെ സംരക്ഷണത്തിന് പ്രത്യേകശ്രദ്ധ നല്‍കുകയും ചെയ്താല്‍ കുളങ്ങളിലൂടെ പാലക്കാടിന്റെ ജലക്ഷാമം ഒരുപരിധിവരെ പരിഹരിക്കാനാവും.
No comments:
Post a Comment