Saturday, March 13, 2010

സൂര്യതാപത്തെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധസംഘം എത്തി

Mathrubhumi news Posted on: 13 Mar 2010

പാലക്കാട്: ജില്ലയിലെ കടുത്ത ചൂടിനെക്കുറിച്ചും സൂര്യാഘാതഭീഷണിയെക്കുറിച്ചും പഠിക്കാന്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിലെ (സെസ്) വിദഗ്ധസംഘമെത്തി. ശാസ്ത്രജ്ഞന്മാരായ ഡോ.ഇ.ജെ.സക്കറിയ, ഡോ.പി.വി.എസ്.എസ്. കെ. വിനായക്, ഡോ.മുരളീദാസ് എന്നിവരാണ് സൂര്യതാപം റിപ്പോര്‍ട്ടുചെയ്ത സ്ഥലങ്ങള്‍ വെള്ളിയാഴ്ച സന്ദര്‍ശിച്ചത്. പൊള്ളലേറ്റവരെക്കണ്ട സംഘം ഇവരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.

രാവിലെ കളക്ടറേറ്റിലെത്തിയ സംഘം കളക്ടര്‍ കെ.വി.മോഹന്‍കുമാറുമായി ചര്‍ച്ചനടത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് മണ്ണൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തി ഡോക്ടര്‍മാരുമായും സൂര്യതാപമേറ്റവരുമായും സംസാരിച്ചു. പൊള്ളലേറ്റ ഭാഗങ്ങള്‍ പരിശോധിച്ചു. വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പ്രാഥമികവിവരങ്ങള്‍ ശേഖരിച്ചു. ഇവര്‍ക്ക് പ്രാഥമിക ചികിത്സനല്കിയ ഡോ.ടി.ശെല്‍വരാജ് ചികിത്സാറിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ശാസ്ത്രജ്ഞര്‍ക്ക് നല്കി. തുടര്‍ന്ന് ഇവര്‍ക്ക് പരിക്കേല്‍ക്കാനിടയായ ഭാരതപ്പുഴയിലെ അതിര്‍ക്കാട് ഞാവളിന്‍കടവിലെ കുളിക്കടവിലും സംഘം പരിശോധന നടത്തി. പൊള്ളലേറ്റവര്‍ ഇവിടെവെച്ച് തങ്ങള്‍ക്കുണ്ടായ പ്രശ്‌നങ്ങള്‍ വിശദീകരിച്ചു.

ചൂടുകൂടിയതിനാല്‍ അയഞ്ഞ ഇളം നിറമുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക, നന്നായി വെള്ളം കുടിക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ എടുക്കണമെന്ന് വിദഗ്ധര്‍ പറഞ്ഞു. തുടര്‍ന്ന് പത്തിരിപ്പാല ജങ്ഷനില്‍ പച്ചക്കറി വില്ക്കുന്നതിനിടയില്‍ സൂര്യതാപമേറ്റ ഹംസയെയും സന്ദര്‍ശിച്ചു. ഒറ്റപ്പാലം പി.ഡബ്ല്യു.ഡി. റസ്റ്റ്ഹൗസില്‍ എം.ഹംസ എം.എല്‍.എ.യുമായി സംഘം സംസാരിച്ചു. തുടര്‍ന്ന് കളക്ടര്‍ കെ.വി.മോഹന്‍കുമാറുമായി വീണ്ടും ചര്‍ച്ച നടത്തി.

ജില്ലാ ഹെല്‍ത്ത് ടെക്‌നിക്കല്‍ അസിസ്റ്റന്റ് എന്‍.കൃഷ്ണന്‍, ഡെപ്യൂട്ടി മാസ്മീഡിയ ഓഫീസര്‍ സഗീര്‍ സുധീന്ദ്രന്‍, മണ്ണൂര്‍ പി.എച്ച്.സി.യിലെ ഡോ.ടി.ശെല്‍വരാജ്, കോങ്ങാട് സി.എച്ച്.സി.യിലെ ഡോ.മുരളീധരന്‍, അമ്പലപ്പാറ സി.എച്ച്.സി.യിലെ ഡോ. ദിലീപ് വര്‍ഗീസ് എന്നിവര്‍ വിദഗ്ധസംഘത്തോടൊപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ നിര്‍ദേശപ്രകാരമാണ് സംഘം എത്തിയത്.

പ്രത്യേകസെല്‍ രൂപവത്കരിച്ചു

Posted on: 13 Mar 2010

പാലക്കാട്: വേനല്‍ക്കാല രോഗങ്ങളെയും സൂര്യാഘാതത്തെയും സംബന്ധിച്ച പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക സെല്‍ രൂപവത്കരിച്ചു. ഡി.എം.ഒ. ഓഫീസിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റുമാര്‍ നേതൃത്വംനല്കുന്ന സെല്ലിലൂടെ ഫീല്‍ഡ് ജീവനക്കാരുടെ മുഴുവന്‍സമയ സേവനം ലഭ്യമാക്കും.

No comments:

Post a Comment