Friday, March 12, 2010

സൂര്യതാപം: പത്തിരിപ്പാലയില്‍ അടിയന്തര സുരക്ഷാക്രമീകരണ നടപടി

Mathrubhumi Posted on: 12 Mar 2010

പത്തിരിപ്പാല: കഴിഞ്ഞദിവസം പത്തിരിപ്പാല സ്വദേശികളായ അഞ്ചുപേര്‍ക്ക് സൂര്യതാപംമൂലം പൊള്ളലേറ്റ സാഹചര്യംമുന്‍നിര്‍ത്തി ആരോഗ്യവകുപ്പ് അടിയന്തര സുരക്ഷാക്രമീകരണ നടപടികള്‍ തുടങ്ങി.

ഇതിനിടെ മണ്ണൂര്‍ പൊട്ടന്‍പുലാക്കല്‍ സിദ്ധിഖ് എന്ന യുവാവിനും സൂര്യതാപത്താല്‍ പൊള്ളലേറ്റതായി കണ്ടെത്തി.

വ്യാഴാഴ്ചരാവിലെ മണ്ണൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത്പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ച്ചേര്‍ന്ന പ്രത്യേകയോഗത്തിന് എത്തിയപ്പോഴാണ് സിദ്ധിഖിന് പൊള്ളലേറ്റതായി സ്ഥിരീകരിച്ചത്.

ബുധനാഴ്ച വൈകീട്ട് പത്തിരിപ്പാലയില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ച ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശപ്രകാരമാണ് നടപടികള്‍ വിലയിരുത്താന്‍ യോഗം ചേര്‍ന്നത്.

യോഗത്തില്‍ മണ്ണൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.ശെല്‍വരാജ് 'സൂര്യാഘാതം-മുന്‍കരുതല്‍, രോഗലക്ഷണം, ചികിത്സാരീതികള്‍, സുരക്ഷാക്രമീകരണം' എന്നവിഷയത്തില്‍ വിശദമായി ക്ലാസെടുത്തു.

പഞ്ചായത്തിലെ 13 വാര്‍ഡുകളില്‍പ്പെട്ട അങ്കണവാടി, കുടുംബശ്രീ പ്രതിനിധികള്‍, സ്‌കൂള്‍ അധ്യാപകര്‍, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍, ടാക്‌സി ഡ്രൈവര്‍മാര്‍, വിവിധ കലാസാംസ്‌കാരിക ഭാരവാഹികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. സൂര്യതാപത്താല്‍ പരിക്കേറ്റ ടാക്‌സിഡ്രൈവര്‍മാരായ അബ്ദുള്‍ റഹ്മാന്‍, ഷബീറലി, സാദിക് എന്നിവരും പങ്കെടുത്തു.

മനുഷ്യന് ജീവഹാനിവരെ സംഭവിക്കാവുന്ന സൂര്യാഘാതത്തിന്റെ ഗൗരവം വെളിച്ചത്തുകൊണ്ടുവന്ന 'മാതൃഭൂമി'യെ പ്രത്യേകം അഭിനന്ദിക്കുന്നതായി മണ്ണൂര്‍ പഞ്ചായത്ത്പ്രസിഡന്റ് എം.ഹരിദാസ് പറഞ്ഞു. മാതൃഭൂമിവാര്‍ത്തയാണ് ആരോഗ്യവകുപ്പിന് ഉണര്‍ന്നുപ്രവര്‍ത്തിക്കാന്‍ സാഹചര്യം ഒരുക്കിയതെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.ശെല്‍വരാജ് അഭിപ്രായപ്പെട്ടു.

No comments:

Post a Comment